National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. ഏപ്രില്‍ 17 എന്‍ഡിഎയ്ക്ക് കറുത്ത ദിനമാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
തുടർച്ചയായി രാജ്യം ഭരിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയായിരുന്നു ഭരണഘടനാ ഭേദഗതി ബില്ല്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ തന്നെ നമ്മള് ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസിലായില്ല. എപ്പോഴും അധികാരത്തില്‍ ഇരിക്കാനാണ് ബിജെപി ശ്രമം.
അതിന് വേണ്ടി വനിതാ സംവരണം ഉപയോഗിക്കാന്‍ ശ്രമിച്ചു. ബില്‍ വിവരങ്ങള്‍ നല്‍കിയത് ഒരു ദിവസം മുന്‍പ് മാത്രമാണ്. വനിതകളുടെ പേരില്‍ രാഷ്ട്രീയ കളിക്കുള്ള ശ്രമമാണ് നടന്നത്. രാജ്യത്തെ സ്ത്രീകള്‍ ഇതൊക്കെ കാണുന്നുണ്ട്. ബില്ല് വനിതാ സംവരണത്തിന് വേണ്ടിയല്ല. മണ്ഡല പുനർനിർണയം കൊണ്ടുവരാനാണ് സർക്കാർ ഈ ബിൽ അവതരിപ്പിച്ചത്.
ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദുർബലപ്പെടുത്താനാണ് നീക്കമെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ ലോക്സഭയിൽ ബിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണ്. പ്രതിപക്ഷത്തിൻന്റെ ഐക്യമാണ് ഇത് കാണിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയ ചർച്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. എന്നാൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഒരു നഷ്ടവും സംഭവിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി.
സ്വാതന്ത്ര്യത്തിന് പിന്നാലെ സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പാക്കിയതും തദ്ദേശ ഭരണസ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയതും കോൺഗ്രസാണെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. അന്ന് ബിജെപി സംവരണത്തെ എതിർക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ഒബിസി വിഭാഗത്തിന് അർഹമായ സംവരണം നൽകാൻ സർക്കാർ ഭയപ്പെടുകയാണ്. ജാതി സംവരണം ഒഴിവാക്കാനാണ് പഴയ സെൻസസ് കണക്കുകൾ ആധാരമാക്കുന്നത്. ഒബിസി വിഭാഗത്തിന്റെ അവകാശങ്ങൾ കവരാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളുടെ ചാമ്പ്യനാകാൻ ശ്രമിക്കുകയാണെന്നും എന്നാൽ നിലവിലെ 543 സീറ്റുകളിലും ഇപ്പോൾ തന്നെ സംവരണം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം കുറയുമെന്നത് വസ്തുതാവിരുദ്ധമാണ്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകും.
തമിഴ്നാടിന്റെ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് 7.23 ശതമാനമായി ഉയരും. കർണാടകയിലെ സീറ്റുകൾ 28-ൽ നിന്ന് 42 ആയി വർധിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഉറപ്പ് നൽകുന്നുവെന്നും അമിത് ഷാ പറഞ്ഞു. നിലവിലെ മണ്ഡല പുനർനിർണയ ചട്ടങ്ങൾ യുപി.എ സർക്കാരിന്റെ കാലത്ത് പാസാക്കിയതാണെന്നും സർക്കാർ അത് പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ ബില്ലിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലോക്സഭയിലുള്ള സീറ്റ് അനുപാതം അതേപടി നിലനിർത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം, ഭരണഘടനയെ ഹൈജാക്ക് ചെയ്ത് സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. വോട്ടെടുപ്പിന് ശേഷമാണ് ഭരണഘടനാ ഭേദഗതി ബിൽ ചർച്ചയ്ക്കെടുക്കാൻ സഭ അനുമതി നൽകിയത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിശദമായ റിപ്പോർട്ട് സർക്കാർ സഭയിൽ സമർപ്പിക്കും.
Kerala
പടിഞ്ഞാറത്തറ(വയനാട്): വയനാടിന്റെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എംപി എന്ന നിലയില്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ കിട്ടുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി. യുഡിഎഫ് കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥി ടി. സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
പത്തു വര്‍ഷത്തെ ഇടതുഭരണത്തില്‍ ജില്ലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തത്. വനാര്‍തിര്‍ത്തി പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം, വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോച്യാവസ്ഥ, ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക്, താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്ക്, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് വനഭൂമി വിട്ടുകിട്ടാത്ത അവസ്ഥ എന്നിവ ജില്ല നേരിടുന്ന പ്രശ്നങ്ങളില്‍ ചിലതാണ്. ഇവയുടെ പരിഹാരത്തിന് സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തണം.
യുഡിഎഫിന് സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ ജില്ലയില്‍ ലോകോത്തര നിലവാരത്തില്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കും. പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ സംസ്കാരം, പാരമ്പര്യം, ഭാഷ എന്നിവയുടെ സംരക്ഷണവും പരിപോഷണവും യൂണിവേഴ്സിറ്റി മുഖേന നടത്തും. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഭൂമി വാങ്ങുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തടസങ്ങള്‍ സൃഷ്ടിച്ചു. ദുരന്തമുണ്ടായപ്പോള്‍ എല്ലാവരും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പിന്നീട് ഭരണകക്ഷികള്‍ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്നും പ്രിയങ്ക പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്മാന് സലിം മേമന അധ്യക്ഷത വഹിച്ചു.
Kerala
ഇരിട്ടി: കഴിഞ്ഞ 10 വർഷം കേരളത്തെയും ഇന്ത്യയെയും ഭരിച്ചത് അഴിമതിയും ധാർഷ്ട്യവുമാണെന്നു പ്രിയങ്ക ഗാന്ധി. പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് റാലിയെ ഇരിട്ടിയിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. സർക്കാരുകൾ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്നു.
വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരായ യുവജനങ്ങളുള്ള കേരളത്തിൽ അവരുടെ ക്രിയാശേഷി ഉപയോഗപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പൂർണ പരാജയമായിരുന്നു.
“കേരളത്തിൽനിന്നുള്ള എംപി എന്ന നിലയിൽ സർക്കാരുകളുടെ പ്രവർത്തനം എന്നെ അസ്വസ്ഥമാക്കുന്നു. ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സർക്കാരുകൾ തടസം നിൽക്കുന്നു.
മോദിയെ എതിർക്കുന്നതിന്റെ പേരിൽ കോൺഗ്രസ് സർക്കാരുകൾക്കെതിരേ കേന്ദ്ര അന്വേഷണ ഏജൻസികളെ വിട്ട് ബുദ്ധിമുട്ടിക്കുമ്പോൾ പിണറായി സർക്കാരിനെ നോവിക്കാത്തത് ചില ഡീലുകളുടെ ഭാഗമാണ്. അധികാരം നിലനിർത്താൻ കേന്ദ്ര ഭരണകൂടവുമായി പല വിട്ടുവീഴ്ചകൾക്കും എൽഡിഎഫ് തയാറാകുന്നു.
ട്രംപിന് മുന്നിൽ മോദി കൈകൂപ്പി നിൽക്കുന്നത് പോലെയാണു മോദിക്കു മുന്നിൽ പിണറായിയും കൈ കൂപ്പുന്നത്. യുഡിഎഫിന്റെ ഇന്ദിരാ ഗാരന്റി കേരളത്തിന്റെ പുതിയ ഭാവിയാണ്. വന്യമൃഗ ആക്രമണത്തിൽ നിലവിലുള്ള നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കും ഏഴു ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നല്‍കും കാർഷിക മേഖലയിൽ കൂടുതൽ സബ്സിഡി നല്‍കും’’ - പ്രിയങ്ക പറഞ്ഞു.
പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഇബ്രാഹിം മുണ്ടേരി, പി.കെ. ജനാർദനൻ, കെ.പി. അജ്മൽ മാസ്റ്റർ, ലിസി ജോസഫ്, ജൂബിലി ചാക്കോ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധി എംപി. പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പിണറായി വിജയൻ മോദിയുടെ ബി ടീമാണെന്നും പ്രിയങ്ക ആരോപിച്ചു.
ചിറയിൻകീഴിലെ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നതല്ല. മോദി അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി.
മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് ഇത്ര പരിഗണന ലഭിക്കുന്നത്. ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണമില്ല.
കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞു. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥയാണ്. സർക്കാർ ആശാസമരക്കാരുടെ ശബ്ദം അടിച്ചമർത്തി. തെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം അവരെ കണ്ടു. ആശാവർക്കർമാർക്ക് ചെറിയ വേതനം മാത്രമാണുള്ളത്. സർക്കാർ അവരുടെ ജീവിത പ്രശ്നങ്ങൾ മനസിലാക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തഘട്ടത്തിലേക്ക് കടന്നതോടെ ശബരിമലയിലെ സ്വർണക്കൊള്ള വിഷയം ശക്തമായ പ്രചാരണ വിഷയമാക്കി കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ദേശീയ നേതാക്കൾ തന്നെയാണ് ശബരിമല സ്വർണക്കൊള്ള വീണ്ടും ചർച്ചയാക്കിയത്. ഇന്നലെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ളവരും ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലും പത്രസമ്മേളനങ്ങളിലും പരാമർശിച്ചത്.
ഇതോടെ ബിജെപി സിപിഎം ഡീൽ വിവാദത്തിനു പിന്നാലെ ശബരിമല സ്വർണക്കൊള്ളയും ഇനിയുള്ള ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നുറപ്പ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കേരളത്തിൽ ബിജെപിസിപിഎം ഡീൽ എന്ന പരാമർശം നടത്തിയതിനു പിന്നാലെ രൂക്ഷ പ്രതികരണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.രാഹുൽ ഗാന്ധി അടൂരിലും പത്തനംതിട്ടയിലും നടന്ന പൊതുയോഗങ്ങളിൽ ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് പരാമർശം നടത്തി.
സ്വർണം കട്ടത് ആരപ്പാ എന്ന പാരഡിഗാന വരികളും രാഹുൽ ഗാന്ധി പൊതുയോഗത്തിൽ പ്രസംഗത്തിനിടെ പാടി. തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയ ഐഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും ഇന്നലെ പ്രധാനമായും ചർച്ചയാക്കിയത് ശബരിമലയിലെ സ്വർണക്കൊള്ളവിവാദമായിരുന്നു. സ്വർണക്കൊള്ളയിൽ നിരവധിപ്പേർ അറസ്റ്റിലായിട്ടും കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയാണ് ഉണ്ടായത്.
കുറ്റപത്രം നല്‍കുന്നത് മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നുവെന്നും ഇത്തരമൊരു നീക്കം നടന്നത് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല സ്വർണക്കൊള്ളക്കേസിലെ എല്ലാ പ്രതികളേയും അഴിക്കുള്ളിലാക്കുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ബിജെപിക്ക് കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ റോളില്ലെന്നും സിപിഎമ്മിനെ സഹായിക്കാനായി കോണ്‍ഗ്രസിന്റെ വോട്ട് കുറയ്ക്കാനുള്ള പരമാവധി ശ്രമമാണ് ബിജെപി നടത്തുന്നതെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ നോക്കിയാലും പ്രാദേശിക തലത്തിൽ നോക്കിയാലും കോണ്‍ഗ്രസ് നേതാക്കൾക്കെതിരേയാണ് ഇഡി നീക്കം നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് വരെ തടഞ്ഞ സമീപനമാണ് ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത്.
കേരളത്തിൽ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാനായാണ് ബിജെപി ഇടതു പാർട്ടികളെ ഉപയോഗിക്കുന്നതെന്ന പരാമർശവും സച്ചിൻ പൈലറ്റ് നടത്തി. ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച് പ്രചാരണം ശക്തമാക്കിയതോടെ ബിജെപിസിപിഎം ഡീൽ ആരോപണത്തിനു പിന്നാലെ ശബരിമല വിഷയവും കൂടുതൽ ചർച്ച ചെയ്യാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നു ഇതിലൂടെ വ്യക്തമാണ്. വരും ദിവസങ്ങളിൽ മുന്നണികൾ തമ്മിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോരിൽ ശബരിമല സ്വർണക്കൊള്ളയും ഉൾപ്പെടുമെന്നുറപ്പ്.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിലുള്ളത്.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ സംഘം വിശദമായ പരിശോധന നടത്തിവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരിയിലും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസവും ചുമയും കാരണമായിരുന്നു സോണിയ ഗാന്ധി ജനുവരിയിൽ ചികിത്സ തേടിയത്.
National
ന്യൂഡൽഹി: രാജ്യത്തു വർധിച്ചുവരുന്ന തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി.
പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, വിലക്കയറ്റവും തൊഴിലില്ലായ്മയും പൊതുജനങ്ങൾ എത്രത്തോളം സഹിക്കുമെന്ന് പ്രിയങ്ക ചോദിച്ചു.
പാർലമെന്റിൽ അർഥവത്തായ ചർച്ച നടത്തിയിരുന്നെങ്കിൽ ജനങ്ങളുടെ ആശങ്ക അവിടെ ഉയർത്താമായിരുന്നുവെന്നും വയനാട് എംപി അഭിപ്രായപ്പെട്ടു. പാചകവാതക വിലവർധന ചൂണ്ടിക്കാട്ടി പൊതുജനങ്ങളാണ് ഭാരം വഹിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
വേറിട്ട വാർത്താസമ്മേളനവുമായാണ് മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചത്. അടുപ്പും കുക്കറും ഗ്യാസ് സിലിണ്ടറും നിരത്തിയായിരുന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അൽക്ക ലാംബ കോണ്‍ഗ്രസ് കാര്യാലയത്തിൽ വാർത്താസമ്മേളനം നടത്തിയത്.
“പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു’ എന്ന് രേഖപ്പെടുത്തിയ വെളുത്ത ടീ-ഷർട്ടണിഞ്ഞായിരുന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെത്തിയത്. കേന്ദ്ര പെട്രോളിയംമന്ത്രി ഹർദീപ് സിംഗ് പുരി രാജിവയ്ക്കണമെന്നും എൽപിജി വിലവർധന ഉടൻ പിൻവലിക്കണമെന്നും അൽക്ക ലാംബ ആവശ്യപ്പെട്ടു
District News
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തിന് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി. ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്ന് അവർ പറഞ്ഞു.
എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ടൗണ്‍ഷിപ്പ് സ്പെഷൽ ഓഫീസർ എസ്. സുഹസ്, സിഒഒ ഡോ. ജെ.ഒ. അരുണ്‍, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, യുഡിഎഫ് ജില്ലാ കണ്‍വീനർ എച്ച്.ബി. പ്രദീപ്, ഡിവിഷൻ മെംബർ ഷമീർ ഒടുവിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
District News
പുൽപ്പള്ളി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ദേവർഗദ്ദ ഉന്നതിയിലെ കൂമൻ എന്ന മാരന്റെ വീട് പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഉന്നതിയിലെത്തിയ അവർ മാരന്റെ കുടുംബാംഗങ്ങളുമായി കാൽ മണിക്കൂറോളം സംസാരിച്ചു.
വന്യമൃഗശല്യം ഉൾപ്പെടെ ഉന്നതിക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ എംപി പട്ടികവർഗ, വനം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വന്യമൃഗശല്യം, ഗ്യാസ് കണക്ഷൻ അഭാവം ഉൾപ്പെടെ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരത്തിന് ഇടപെടുമെന്ന് പിന്നീട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ എംപി പറഞ്ഞു.
എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. പി.ഡി. സജി, എൻ.യു. ഉലഹന്നാൻ, ബീന ജോസ്, വർഗീസ് മുരിയൻകാവിൽ തുടങ്ങിയവർ എംപിക്കൊപ്പം ഉണ്ടായിരുന്നു. ഉന്നതി നിവാസികളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചശേഷമാണ് പ്രിയങ്ക മടങ്ങിയത്.
District News
കോടഞ്ചേരി: സ്നേഹം, കരുണ, സഹാനുഭൂതി തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുമ്പോഴാണ് അവർ സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ട പൗരന്മാരായി മാറുന്നതെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. കൈതപ്പൊയിൽ എംഇഎസ് സ്കൂൾ സിൽവർ ജൂബിലി ഉദ്ഘാടനവും മോണ്ടിസോറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംപി.
ഇന്നത്തെ എംഇഎസ് സ്ഥാപനങ്ങളുടെ വളർച്ചയും മുന്നേറ്റവും ഇത്തരത്തിലുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ പരിശ്രമിച്ച നല്ല വ്യക്തിത്വങ്ങളുടെ സമർപ്പിത പ്രവർത്തനങ്ങളുടെ ഫലമാണെന്നും എംപി കൂട്ടിച്ചേർത്തു.
കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എംഇഎസ് സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ അജ്മിയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, എംഇഎസ് സ്റ്റേറ്റ് സെക്രട്ടറിമാരായ വി.പി. അബ്ദുറഹ്മാൻ, ഡോ. റഹീം ഫസൽ തുടങ്ങിയവർ സംബന്ധിച്ചു.
Kerala
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്കായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശക്തമായ ഇടപെടലാണ് നടത്തിയതെന്ന് ഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ദുരന്തബാധിതർക്ക് കോണ്‍ഗ്രസ് കുന്നന്പറ്റയിൽ നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരന്തവാർത്തയറിഞ്ഞപ്പോൾത്തന്നെ വികാരനിർഭരമായ ഇടപെടലാണ് രാഹുൽ ഗാന്ധി നടത്തിയത്. കേന്ദ്ര സഹായത്തിനുവേണ്ടി ശക്തമായി വാദിച്ചു. പാർലമെന്റിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ടു. കേന്ദ്രസഹായത്തിന് പ്രിയങ്ക ഗാന്ധിയും സജീവ ഇടപെടൽ നടത്തി.
പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം കോണ്‍ഗ്രസുണ്ടാകും. ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. രാഹുൽ ഗാന്ധി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കർണാടക സർക്കാർ 20 കോടി രൂപ സഹായം പ്രഖ്യാപിച്ചത്. ഇതിൽ 10 കോടി രൂപ ഇതിനകം കൈമാറി.
ഭവനപദ്ധതിക്ക് സ്ഥലം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് സ്വന്തമായി സ്ഥലം കണ്ടത്തേണ്ടിവന്നത്. ദുരന്തത്തിൽ കെട്ടിടം നശിച്ച 40 പേർക്ക് കോണ്‍ഗ്രസ് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചതായും വേണുഗോപാൽ പറഞ്ഞു.
Kerala
കല്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും ഇന്ന് വയനാട്ടിലെത്തും. ചൂരൽമല- മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങിനായാണ് ഇരുവരും വയനാട്ടിലെത്തുന്നത്.
രാഹുൽ ഗാന്ധിയാണ് തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കുക. കോൺഗ്രസ് നിർമിക്കുന്ന 100 വീടുകളിൽ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയിൽ ആദ്യം നിർമിക്കുക. ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവരും പങ്കെടുക്കും.
1,041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും ആണ് കോൺഗ്രസ് ദുരന്തബാധിതർക്ക് നിർമിച്ച് നൽകുന്നത്. പേരാവൂരിൽ കർഷക സംഘടന നേതാക്കളുമായും കർഷകരുമായുള്ള സംവാദത്തിനുശേഷമാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്കെത്തുക.
രാവിലെ 11ന് പേരാവൂർ തുണ്ടിയില്‍ പാരിഷ് ഹാളിലാണ് പരിപാടി. രാവിലെ ഹെലികോപ്റ്ററിൽ എത്തുന്ന രാഹുൽഗാന്ധി പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയത്തിൽ ഇറങ്ങും.
National
ഗോഹട്ടി: ആസാമിൽ ബിജെപി സർക്കാരിനെതിരേ 20 ഇന കുറ്റപത്രവുമായി കോൺഗ്രസ്.
ഗോഹട്ടിയിൽ ഇന്നലെ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണു കുറ്റപത്രം പുറത്തിറക്കിയത്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി വളർത്താൻ ശ്രമിക്കുകയാണെന്നു കുറ്റപത്രം ആരോപിക്കുന്നു.
ആറ് ഗോത്രവിഭാഗങ്ങൾക്കു പട്ടികവർഗ പദവി നൽകാമെന്ന വാഗ്ദാനം പാലിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടു. തോട്ടംതൊഴിലാളികളുടെ കൂലി 351 രൂപയായി വർധിപ്പിക്കാമെന്ന വാഗ്ദാനവും, ഒരു ദശകമായി ഭരണത്തിലിരിക്കുന്ന ബിജെപിക്കു കഴിഞ്ഞിട്ടില്ലെന്ന് ആരോപണമുണ്ട്.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ കണ്ടെത്തുന്നതിനു രൂപീകരിച്ച സമിതിയുടെ അധ്യക്ഷയാണു പ്രിയങ്ക.
National
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മില്‍ ഭിന്നതയുണ്ടെന്ന ആരോപണവുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിക്ക് പ്രിയങ്ക ഗാന്ധി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് അവരെ ആസാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചതെന്നും ഹിമന്ത ആരോപിച്ചു.
'രാഹുല്‍ ഗാന്ധിക്ക് പ്രിയങ്ക കേരളത്തില്‍ വരുന്നത് ഇഷ്ടമല്ല. താന്‍ 22 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ആളാണെന്നും തനിക്ക് കോണ്‍ഗ്രസിന്റെ ചില ആന്തരിക വിവരങ്ങള്‍ അറിയാമെന്നും' ഹിമന്ത പറഞ്ഞു. കേരളത്തിലെ കെ.സി. വേണുഗോപാലിന്റെ സ്വാധീനത്തെ പ്രിയങ്കയുടെ സാന്നിധ്യം ബാധിക്കുമെന്ന് രാഹുല്‍ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിമന്തയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ കോണ്‍ഗ്രസ്, അദ്ദേഹം പ്രിയങ്കാ ഗാന്ധിയെ ഭയപ്പെടുകയാണെന്ന് തിരിച്ചടിച്ചു. അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ സജീവ സാന്നിധ്യം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഹിമന്ത മനസ്സിലാക്കുന്നുണ്ടെന്ന് അസമിലെ കോണ്‍ഗ്രസ് നിരീക്ഷകന് ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
വരാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടെ അധ്യക്ഷയായാണ് പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നിയമിച്ചത്. വയനാട് എംപിയായ പ്രിയങ്ക കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ചുമതലയേല്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമര്‍ശനം ഉന്നയിക്കുന്നത്.
Kerala
കല്‍പ്പറ്റ: കാര്‍ഷിക വിളകളുടെ ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമ പദ്ധതിയില്‍ കാപ്പി കൃഷി ഉൾപ്പെടുത്തുന്നതിന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയലിന് കത്ത് നല്കി. വയനാട്ടില്‍ കാപ്പി കര്‍ഷകരുമായി പ്രിയങ്ക നേരത്തേ നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന പ്രധാന ആവശ്യമായിരുന്നു ഇത്.
പ്രതികൂല കാലാവസ്ഥയില്‍ വിളനാശം സംഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം പദ്ധതിയിലൂടെ ഉറപ്പാക്കാന്‍ കഴിയും. ഇതുസംബന്ധിച്ച് മന്ത്രാലയത്തിനു കോഫി ബോര്‍ഡ് ശിപാര്‍ശ നല്‍കിയിട്ടുണ്ട്.
ചെങ്കുത്തായ ഭൂപ്രദേശത്ത് ഡ്രിപ് ഇറിഗേഷനു നല്കുന്ന സബ്സിഡി പര്യാപ്തമല്ല. കാപ്പിച്ചെടികള്‍ റീ പ്ലാന്റ് ചെയ്യുന്നതിനുള്ള സബ്സിഡി ചെടികള്‍ മുഴുവനായി പിഴുതുമാറ്റുന്നതിന് മാത്രമാണ് ലഭിക്കുന്നത്. ഗ്രാഫ്റ്റിംഗ് ഉള്‍പ്പടെ പുതിയ രീതികള്‍ക്കും സബ്സിഡി നല്‍കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടതടക്കം കര്‍ഷകരുള്ള ജില്ലയില്‍ സബ്സിഡിയുടെ ഉയര്‍ന്ന പരിധി ജലസേചനത്തിനുള്പ്പടെ നിക്ഷേപം നടത്തുന്നതില്‍ തടസമുണ്ടാക്കുന്നുണ്ട്.
സബ്സിഡി പരിധി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന വിധത്തില്‍ പുനര്‍നിശ്ചയിക്കണം. ഉന്നത ഗുണനിലവാരമുള്ള കാപ്പി ഉത്പാദനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ജില്ലയിലെ കര്‍ഷകര്‍ക്ക് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പരിഷ്കരിക്കണമെന്നും കത്തില്‍ പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വർഷം മാത്രം ബാക്കിനിൽക്കെ യോഗി ആദിത്യനാഥിനെ താഴെയിറക്കാൻ പ്രിയങ്ക തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് സൂചന.
പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. മുപ്പത് സ്ഥലങ്ങളിൽ ഭരണഘടനാ സംവാദ റാലികൾ, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ പ്രതിഷേധം തുടങ്ങിയ 100 ദിന കർമപരിപാടിക്കാണ് പാർട്ടി തുടക്കം കുറിച്ചിരിക്കുന്നത്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്കയ്ക്കായിരുന്നു സംസ്ഥാനത്തിന്റെ ചുമതല. എന്നാൽ കേവലം രണ്ട് സീറ്റുകൾ മാത്രമാണ് പാർട്ടി നേടിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ കോൺഗ്രസിന് നേടിയിരുന്നു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. കാമുകി അവിവ ബെയ്ഗിനെയാണ് റൈഹാൻ വിവാഹം ചെയ്യുന്നത്.
ഏഴ് വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹ നിശ്ചയ ചടങ്ങുകൾ ബുധനാഴ്ച രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
അവിവ ബെയ്ഗും കുടുംബവും ഡൽഹി സ്വദേശികളാണ്. അവിവയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് വ്യവസായിയും മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറുമാണ്.
പ്രിയങ്ക ഗാന്ധിയും നന്ദിത ബെയ്ഗും സുഹൃത്തുക്കളാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത് നന്ദിത ബെയ്ഗായിരുന്നു.
രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും പഠിച്ച സ്കൂളായ ഡെറാഡൂണിലെ ഡൂൺ സ്കൂളിലാണ് റൈഹാൻ വാദ്ര പഠിച്ചത്. തുടർന്ന് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.
അവീവ, ഡൽഹിയിലെ പ്രശസ്തമായ മോഡേൺ സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടി.
Kerala
കൽപ്പറ്റ: വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എംപി കലണ്ടർ പുറത്തിറക്കി. എംപി ആയതിനുശേഷം വയനാടിനായി പ്രിയങ്ക നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍.
മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തെ മുഖചിത്രമായി ഉൾപ്പെടുത്തിയത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന് അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്.
നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുര്‍ഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ മുഖചിത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി.
വാര്‍ത്ത അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണെന്നും ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
"ബംഗ്ലാദേശില്‍ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത അത്യന്തം ആശങ്കാജനകമാണ്. ഏതൊരു പരിഷ്കൃത സമൂഹത്തിലും മതം, ജാതി, സ്വത്വം എന്നിവയെ അടിസ്ഥാനമാക്കിയുളള വിവേചനം, അക്രമം, കൊലപാതകം എന്നിവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുകയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും വേണം'.- പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
ഹിന്ദു യുവാവായ ദീപു ചന്ദ്രദാസ്(25)ആണ് കൊല്ലപ്പെട്ടത്. വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാന്‍ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധ പ്രതിഷേധങ്ങളും കലാപങ്ങളും അരങ്ങേറുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
അതിനിടെയാണ് മൈമെന്‍സിംഗ് പട്ടണത്തില്‍ ദിപുവിനെ ഒരുസംഘം അക്രമികള്‍ അടിച്ചുകൊന്ന് മൃതദേഹം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചത്. ഭലുകയില് ഒരു പ്രാദേശിക ഗാര്‍മെന്റ്സ് ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു ദിപു ചന്ദ്രദാസ്. പ്രവാചകനെ അപമാനിച്ചു എന്നാരോപിച്ചാണ് ദിപുവിനെ അക്രമികള്‍ മര്‍ദിച്ചുകൊന്നത്.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി തന്റെ കുടുംബത്തിൽനിന്നുള്ള ആളല്ലെന്നും എന്നാൽ അദ്ദേഹം ഒരു കുടുംബാംഗത്തെ പോലെയാണെന്നും രാജ്യം മുഴുവനുമുള്ള വികാരമാണിതെന്നും പ്രിയങ്ക ഗാന്ധി എംപി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ബില്ല് അവതരിപ്പിക്കുന്നതിനുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
ആരുടെയെങ്കിലും വ്യക്തിഗതമായ താത്പര്യം, അഭിലാഷം, മുൻവിധി എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കരുതെന്നും സഭയുടെ ഉപദേശം സ്വീകരിക്കാതെയും ചർച്ച ചെയ്യാതെയും ബില്ല് തിടുക്കത്തിൽ പാസാക്കരുതെന്നും പ്രിയങ്ക അഭ്യർഥിച്ചു. ബില്ല് തിരിച്ചെടുത്ത് പുതിയ ബിൽ അവതരിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
Kerala
കല്‍പ്പറ്റ: യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി പറയുന്നതായി പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാനും അവരുടെ ശബ്ദങ്ങൾ ശ്രദ്ധയോടെ കേൾക്കാനും സത്യസന്ധവും കാരുണ്യപൂർണവും ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവർത്തിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തവും ഹൃദയംഗമവുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി ഒരു രാഷ്ട്രീയ ഫലത്തേക്കാൾ കൂടുതലാണ്. തങ്ങളുടെ പോരാട്ടങ്ങൾ മനസിലാക്കുകയും ആത്മാർഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സർക്കാറിനായുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: വന്ദേമാതരം ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ വസ്തുതകളും ചരിത്രപരമായ വിശദാംശങ്ങളും ഇല്ലെന്ന് പ്രിയങ്ക ഗാന്ധി. ലോക്സഭയിൽ ഇന്നലെ നടന്ന വന്ദേമാതരം ചർച്ചയിലാണ് പ്രിയങ്കയുടെ ആരോപണം.
പ്രധാനമന്ത്രിയുടെ പ്രസംഗപാടവം അംഗീകരിക്കുന്പോൾ തന്നെ അദ്ദേഹം വസ്തുതകളിൽ ദുർബലനാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. 1893ൽ രബീന്ദ്രനാഥ ടാഗോർ വന്ദേമാതരം ആലപിച്ചത് കോണ്‍ഗ്രസ് കണ്‍വൻഷനിലായിരുന്നു എന്ന് പറയാൻ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മടി കാണിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.
ബിജെപി തെരഞ്ഞെടുപ്പിനു വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടിയും. എത്ര തെരഞ്ഞെടുപ്പുകളിൽ തോറ്റാലും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുമെന്നും പ്രിയങ്ക വ്യക്തമാക്കി.
National
ന്യൂഡൽഹി: കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെ ആസൂത്രിതമായി ചവിട്ടിമെതിക്കുകയും പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്ത വലിയ നാടകക്കാരനായ പ്രധാനമന്ത്രിയാണു പ്രതിപക്ഷത്തോടു നാടകം കളിക്കരുതെന്നു പറയുന്നതെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
പാർലമെന്റിനു പുറത്തു പ്രധാനമന്ത്രി പറഞ്ഞതിനോടു പാർലമെന്റിൽ മറുപടി പറയുമെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച അനുവദിക്കാത്തതിലൂടെ ജനാധിപത്യത്തെ കൊല്ലുകയാണു സർക്കാർ ചെയ്യുന്നത്. എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തെ എല്ലാ എംപിമാരുടെയും ആവശ്യം അംഗീകരിക്കാതെ കഴിഞ്ഞ പാർലമെന്റ് സമ്മേളനം മുഴുവൻ പാഴാക്കിയതു സർക്കാരാണ്.
അതേ സർക്കാർ ചർച്ച അനുവദിക്കുമോയെന്നുപോലും ഇപ്പോഴും ഉറപ്പു പറയുന്നില്ലെന്ന് ഖാർഗെ, ഡെറിക് ഒബ്രിയൻ, ജോണ്‍ ബ്രിട്ടാസ്, തിരുച്ചി ശിവ തുടങ്ങിയവർ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. യഥാർഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രധാനമന്ത്രി വീണ്ടും തന്റെ നാടകീയ അവതരണമാണ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയത്.
കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെയും സംവിധാനത്തെയും തുടർച്ചയായി സർക്കാർ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ റിക്കാർഡ് എല്ലാവർക്കും അറിയാമെന്ന് എക്സിലെ പോസ്റ്റിൽ ഖാർഗെ കുറിച്ചു.
വോട്ടിൽ കൃത്രിമം നടത്തിയെന്ന ആരോപണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആശങ്കകൾ ഉന്നയിക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. പാർലമെന്റിൽ ഇവ ഉയർത്തിക്കാട്ടുന്നത് തുടരും. ശ്രദ്ധ തിരിക്കുന്ന നാടകം അവസാനിപ്പിച്ച് ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളിൽ ചർച്ചയ്ക്കു ബിജെപി തയാറാകണമെന്ന് എഐസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 12 ബില്ലുകൾ ഒരു ചർച്ചയും കൂടാതെ തിടുക്കത്തിൽ പാസാക്കി. വെറും 15 മിനിറ്റിനുള്ളിലാണു ചിലത് അംഗീകരിച്ചത്. ജിഎസ്ടി, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, വിവാദമായ കർഷക വിരുദ്ധ കരിനിയമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നിയമനിർമാണങ്ങൾ ഇത്തരത്തിൽ പാർലമെന്റിലൂടെ ബുൾഡോസ് ചെയ്യുകയായിരുന്നുവെന്നു ഖാർഗെ ചൂണ്ടിക്കാട്ടി.
ചർച്ച നിഷേധിക്കുകയല്ല, മറിച്ച് പ്രതിപക്ഷം പറയുന്ന ചർച്ചയെക്കുറിച്ചു പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്നാണു പറയുന്നതെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.
National
മോത്തിഹാരി/സീതാമര്‍ഹി (ബീഹാര്‍): ബിഹാറില്‍ വോട്ട് മോഷണത്തിലൂടെ അധികാരം നിലനിര്‍ത്താനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
സ്ത്രീകളടക്കം 65 ലക്ഷം പേരുടെ പേരുകള്‍ ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തു. വോട്ട് മോഷണത്തിലൂടെ അധികാരത്തിലെത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
സീതാമര്‍ഹിയിലും കിഴക്കന്‍-പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലകളിലും തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധിയുടെ പോരാട്ടം നിങ്ങള്‍ക്കും സത്യത്തിനും വേണ്ടിയാണ്. ഈ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെ ജനങ്ങള്‍ മറക്കില്ല. - പ്രിയങ്ക പറഞ്ഞു.
National
പാറ്റ്ന: കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്ന ബിജെപി ആക്ഷേപത്തെ പ്രതിരോധിച്ച് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൂർവികർ ചെയ്ത ത്യാഗങ്ങളെ വിലമതിക്കാൻ കഴിയാത്തവരാണ് പാർട്ടിയെ വിമർശിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.
ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ വാൽമീകി നഗറിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ. “കുടുംബവാഴ്ച രാഷ്ട്രീയമെന്നു വേദികളിൽനിന്ന് വിളിച്ചുപറയുന്നവർക്ക് രക്തസാക്ഷിത്വമുൾപ്പെടെയുള്ള ത്യാഗങ്ങൾ ഒരിക്കലും മനസിലാക്കാൻ കഴിയില്ല.
രാവിലെ മുതൽ വൈകുന്നേരം വരെ ബിജെപി നേതാക്കൾ നെഹ്റുവിനെ അധിക്ഷേപിക്കുന്നതിന്റെ തിരക്കിലാണ്. രാജ്യത്തെ എല്ലാ കുഴപ്പങ്ങൾക്കും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് മേയർ ജവഹർലാൽ നെഹ്റുവിനെ പരാമർശിച്ചു. എന്നാൽ രാജ്യത്തിന്റെ ആദ്യ പ്രധാന മന്ത്രി അദ്ദേഹത്തിന്റെ സ്വന്തംനാട്ടിൽ അപമാനിക്കപ്പെടുകയാണ്”- പ്രിയങ്ക പറഞ്ഞു.
National
സഹർസ (ബിഹാർ): വികസനത്തെക്കുറിച്ച് സംസാരിക്കേണ്ടതിനു പകരം പ്രതിപക്ഷത്തുള്ള നേതാക്കളെല്ലാം രാജ്യത്തെ അപമാനിച്ചുവെന്ന് ആരോപിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
അപമാനത്തക്കുറിച്ച് മാത്രം ചിന്തിക്കുന്ന മോദിയുടെ സർക്കാർ അപമാൻ മന്ത്രാലയം എന്ന പേരിൽ ഒരു മന്ത്രാലയം തുടങ്ങുന്നത് നന്നായിരിക്കുമെന്നും പ്രിയങ്ക പരിഹസിച്ചു.
ബിഹാറിലെ സഹർസ, ലഖിസരായ് എന്നീ ജില്ലകളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ. എപ്പോൾ ചോദ്യങ്ങൾ ഉയർന്നാലും മോദി ലോകയാത്രകളിലായിരിക്കും അല്ലെങ്കിൽ തന്നെ അപമാനിച്ചുവെന്നു പറഞ്ഞ് കരയാൻ ആരംഭിക്കും. ബ്രിട്ടീഷ് ഭരണം പോലെയാണ് മോദി ഭരണവും.
ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അവരെ അടിച്ചമർത്തും. തുടർന്ന് അനാവശ്യ വിഷയങ്ങൾ സംസാരിക്കും.
അതേസമയം, ബിഹാറിലെ എൻഡിഎ സർക്കാരിന്റെ തണലിൽ നടന്ന അഴിമതി, തൊഴിലില്ലായ്മ, ദുർഭരണം എന്നിവയെക്കുറിച്ച് മൗനം പാലിക്കുമെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
District News
കോടഞ്ചേരി: കേരള മാസ്റ്റേഴ്സ് ഗെയിംസിന്റെ ലോഗോ പ്രകാശനം കോടഞ്ചേരിയില്‍ നടന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയാണ് ലോഗോ പ്രകാശനം ചെയ്തത്. ചടങ്ങില്‍ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കേരള ഹാൻഡ്ബോൾ മാസ്റ്റേഴ്സ് അസോസിയേഷൻ ട്രഷറർ റോബർട്ട് അറയ്ക്കൽ, മാസ്റ്റേഴ്സ് ഹാന്‍ഡ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് സിജി നിരവത്ത്, ജില്ലാ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ അസോസിയേഷൻ ട്രഷറർ സനി തോമസ്, കോടഞ്ചേരി ഹാൻഡ്ബോൾ ക്ലബ് പ്രസിഡന്റ് സി.ജെ. ടെന്നിസൺ, സന്തോഷ് സെബാസ്റ്റ്യൻ എന്നിവര്‍ സന്നിഹിതരായിരുന്നു.
District News
കോടഞ്ചേരി: താമരശേരി ഉപജില്ലാ സ്കൂൾ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം "വൈഭവം' നവംബർ 4, 5 തിയതികളിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
മേളയുടെ ലോഗോ പ്രകാശനം പ്രിയങ്ക ഗാന്ധി എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, പബ്ലിസിറ്റി കൺവീനർമാരായ ടി.എം. നൗഫൽ, മുബഗിൽ അലി ബുഖാരി എന്നിവർ സന്നിഹിതരായി.
11 വേദികളിലായി 2600 ലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും. മേളയുടെ ഔപചാരിക ഉദ്ഘാടനം നാലിന് ലിന്റോ ജോസഫ് എംഎൽഎ നിർവഹിക്കും. കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അധ്യക്ഷത വഹിക്കും. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി മുഖ്യ പ്രഭാഷണം നടത്തും.
District News
മുക്കം: പ്രിയങ്കാഗാന്ധി എംപിയുടെ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയില്‍ അഗസ്ത്യന് മുഴിയില്നിന്നും തൊണ്ടിമ്മല്‍ വഴി തിരുവമ്പാടി ഭാഗത്തേക്ക് പോകേണ്ട വാഹനവ്യൂഹങ്ങള്‍ താമരശേരി റോഡില്‍ കയറി സെന്റ് ജോസഫ് ആശുപത്രിക്കടുത്ത് വരെയെത്തി. പിന്നീട് വാഹനവ്യൂഹത്തിന് പിന്നിലായുളള പോലീസ് അവരെ തിരിച്ചുവിളിക്കുകയായിരുന്നു. ഈ സമയമത്രയും പ്രിയങ്ക ഗാന്ധിയുടെ വാഹനം അഗസ്ത്യന് മുഴി അങ്ങാടിയില്‍ നടുറോഡില്‍ കിടക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വിവിധ പരിപാടികള്‍ക്ക് ശേഷം കോടഞ്ചേരി പഞ്ചായത്തില്‍ ഒരു ഉദ്ഘാടന പരിപാടിക്ക് പോവുന്നതിനിടെയാണ് സുരക്ഷ വീഴ്ചയുണ്ടായത്. യാത്രയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ട്രയല്‍ ഉള്‍പ്പെടെ നടത്തിയിരുന്നു.
District News
കൽപ്പറ്റ: മാനന്തവാടി തിരുനെല്ലി ആശ്രമം സ്കൂളിലെ പട്ടികവർഗ ഹോസ്റ്റലിൽ ദുരിതപൂർണമായ സാഹചര്യത്തിൽ താമസിക്കേണ്ടി വന്ന വിദ്യാർഥികളെ അവരുടെ താത്പര്യത്തിനു വിരുദ്ധമായി കണ്ണൂർ ജില്ലയിലെ ആറളത്തേക്ക് മാറ്റാനുള്ള തീരുമാനം ആശങ്കാജനകമാണെന്ന് പ്രിയങ്ക ഗാന്ധി എംപി.
നിലവിലെ ഹോസ്റ്റലിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കുട്ടികളെ വയനാട്ടിൽത്തന്നെ പഠിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് പട്ടിക ജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന് അയച്ച കത്തിൽ അവർ ആവശ്യപ്പെട്ടു.
ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് പ്രതികൂല സാഹചര്യത്തിലും ഈ വിദ്യാർഥികൾ അക്കാദമികവും കായികവുമായ നേട്ടങ്ങൾ കൈവരിച്ചത്. പിന്നാക്ക അവസ്ഥയിൽ ജീവിക്കുന്ന അടിയ, പണിയ സമൂഹത്തിൽപ്പെട്ട ഈ കുട്ടികൾ രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പ്രചോദനമാണ്.
വയനാട്ടിൽ നിന്നുള്ള ഭൂരിപക്ഷം കുട്ടികളും മറ്റൊരു ജില്ലയിലേക്ക് മാറി പഠനം നടത്തേണ്ടി വരുന്പോൾ വിദ്യാർഥികളിൽ കൊഴിഞ്ഞു പോക്കിനുള്ള സാധ്യതയുണ്ടെന്ന് എംപി ആശങ്കയറിയിച്ചു. ജില്ല വിട്ട് പോകുന്നതിൽ ഭൂരിഭാഗം വിദ്യാർഥികളും എതിർപ്പ് അറിയിച്ചിട്ടുള്ളതായാണ് മനസിലാക്കുന്നത്. ശോചനീയമായ സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് താമസിക്കേണ്ടി വന്ന സംഭവം ദൗർഭാഗ്യകരമാണ്.
അവർക്ക് അവരുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവരുടെ പ്രദേശത്ത് തന്നെ പഠിക്കാൻ സൗകര്യമുണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അടിയന്തരമായി നിലവിലെ ഹോസ്റ്റലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അവിടെത്തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടു.
Kerala
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൽ നിന്ന് വയനാടിന് അവഗണനയാണ് ലഭിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 2221 കോടി ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് 260 കോടി മാത്രമെന്നും പ്രിയങ്ക പറഞ്ഞു.
വിനാശകരമായ ദുരന്തത്തെയാണ് ജനങ്ങള്‍ നേരിട്ടതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ അര്‍ത്ഥവത്തായ സഹായം പ്രതീക്ഷിച്ചുവെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കളിക്കരുതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം വീടുകളും ഉപജീവനമാര്‍ഗങ്ങളും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങള്‍ നീതിപൂര്‍വമായ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പകരം അവര്‍ക്ക് ലഭിച്ചത് അവഗണനയാണെന്നും പ്രിയങ്ക പറഞ്ഞു.
ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യരുടെ ദുരിതങ്ങളെ ഒരു രാഷ്ട്രീയ അവസരമായി കണക്കാക്കാന്‍ കഴിയില്ല. വയനാട്ടിലെ ജനങ്ങള്‍ നീതി, പിന്തുണ, അന്തസ്സ് എന്നിവയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
National
ഭോപ്പാല്‍: രാഹുല്‍ - പ്രിയങ്ക സഹോദരങ്ങളുടെ സ്നേഹപ്രകടനത്തെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി നേതാക്കാള്‍.
സഹോദരര്‍ പരസ്യമായി ചുംബിക്കുന്നത് പാശ്ചാത്യരീതിയാണെന്ന നഗരവികസനമന്ത്രി കൈലാഷ് വിജയ് വര്‍ഗീയയുടെ പ്രസ്താവനയെ പരസ്യമായി പിന്തുണച്ച് മന്ത്രി വിജയ് ഷാ രംഗത്തെത്തി. ഇരുവരുടെയും സ്നേഹപ്രകടനം ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നല്ലെന്ന് വിജയ് ഷാ പറഞ്ഞു. സംഭവത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തുവന്നു,
നേരത്തെയും അധിക്ഷേപകരമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവാണ് കൈലാഷ് വിജയ് വര്‍ഗീയ. ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയെ തന്നെ വെട്ടിലാക്കിയിരുന്നു.
രണ്ട് ദിവസം മുന്‍പാണ് രാഹൂല്‍ - പ്രിയങ്ക സ്നേഹപ്രകടനത്തിനെതിരെ വര്‍ഗീയ രംഗത്തെത്തിയത്. ഇന്ന് മന്ത്രി വിജയ് ഷാ ഒരു പൊതുപരിപാടിക്കിടെ ഇതിനെ പരസ്യമായി പിന്തുണയ്ക്കുയായിരുന്നു.
"ഇത് നമ്മുടെ സംസ്കാരമല്ല; നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഇതല്ല പഠിപ്പിക്കുന്നത്. അത് നിങ്ങളുടെ വീടിനകത്ത് പരിശീലിക്കുക, അല്ലാതെ പൊതുസ്ഥലങ്ങളില്‍ വേണ്ട'. പ്രസംഗത്തിനിടെ സമീപത്തുണ്ടായിരുന്ന എംഎല്‍എ കാഞ്ചന് തന്വെയെ ചൂണ്ടിക്കാട്ടി ഷാ ഇങ്ങനെ പറഞ്ഞു: "അവരും എന്റെ സഹോദരിയാണ്, അപ്പോള്‍ ഞാന്‍ ഇവരെ പരസ്യമായി ചുംബിക്കുമോ? ഇന്ത്യന്‍ സംസ്കാരവും നാഗരികതയും ഇതൊന്നും പഠിപ്പിക്കുന്നില്ല.' ഷാ പറഞ്ഞു.
നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രിമാരുടെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത്തരം തരംതാണ പ്രസ്താവനകള്‍ നടത്തുന്നവരെ മന്ത്രിസ്ഥാനത്തുനിന്ന മാറ്റാന്‍ ബിജെപി തയാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
National
പാറ്റ്ന: എൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ബിഹാറിലെ സ്ത്രീകളോടു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സഖ്യത്തിന് നിങ്ങളുടെ വോട്ടുകളിൽ മാത്രമാണ് താത്പര്യമെന്നും അവർ പറഞ്ഞു. പാറ്റ്നയിലെ പാർട്ടി ആസ്ഥാനത്ത് വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുടെ യഥാർഥ താത്പര്യം മനസിലാത്തണമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അവരെ പാഠംപഠിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ആളുകളെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. പെൺമക്കൾക്ക് ഇണകളെ തെരഞ്ഞെടുക്കുമ്പോഴാണ് അവരാ കഴിവ് പ്രയോഗിക്കുന്നത്. അതുപോലെ, മോദിയുടെയും ഷായുടെയും നിതീഷിന്റെയും യഥാർഥ ഉദ്ദേശ്യങ്ങൾ തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാർ 10,000 രൂപ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, എല്ലാ മാസവും ആനുകൂല്യം തുടരുമെന്ന് അവർ പറയുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
Kerala
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി പ്രിയങ്ക ഗാന്ധി എംപി കൂടിക്കാഴ്ച നടത്തി. മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത്.
അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ പ്രതീക്ഷ നൽകുന്നതാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പ്രിയങ്ക ഉറപ്പ് തന്നെന്നും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ നിവേദനമായി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്ത് പ്രിയങ്ക തന്നെ വിളിച്ചിരുന്നു.
നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും പ്രാർഥനയുണ്ടാകണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. നേരിട്ട് കാണാനാകുമോ എന്ന് പ്രിയങ്കയ്ക്കൊപ്പമുള്ളവർ തന്നോട് ആരാഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
Kerala
വയനാട്: പ്രിയങ്ക ഗാന്ധി എംപി എന്ന നിലയിൽ പരാജയമാണെന്ന് എൽഡിഎഫ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി സ്വീകരിച്ചില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
പല ഔദ്യോഗിക പരിപാടികൾക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
മുസ്ലിം ലീഗ് ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 19ന് കൽപ്പറ്റയിൽ മനുഷ്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശിന്ദ്രൻ പറഞ്ഞു.